പാതിവില തട്ടിപ്പ് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വ്യാജവാര്‍ത്തയില്‍ നിയമനടപടി ആരംഭിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പ്രതി അനന്തു കൃഷ്ണനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന രീതിയില്‍ വ്യാജവാര്‍ത്ത നല്‍കിയതിനാണ് എംഎല്‍എ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
താന്‍ പണം വാങ്ങിയെന്ന് അനന്തു മൊഴി നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചതായി ചാനലിനെ അറിയിച്ചിട്ടും വാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ലെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.
നിരുപാധികം വാര്‍ത്ത പിന്‍വലിച്ച് മാപ്പുപറയണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികള്‍ തുടര്‍ന്ന് സ്വീകരിക്കുമെന്നും നോട്ടീസില്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ജനപ്രതിനിധി കൂടിയായ തനിക്ക് മാനനഷ്ടം ഉണ്ടാക്കുന്ന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചാനല്‍ സംപ്രേക്ഷണം ചെയ്തത്. സത്യവിരുദ്ധമായ വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചാനല്‍ ശ്രമിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പൊതുജനമധ്യത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുന്ന വിധം ഇപ്പോഴും രാഷ്ട്രീയ എതിരാളികള്‍ വ്യാപകമായി സമൂഹമാധ്യമങ്ങിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
അതിനാല്‍ നിരുപാധികം വാര്‍ത്ത പിന്‍വലിച്ച് പൊതുജനമധ്യത്തില്‍ മാപ്പുപറയാന്‍ ചാനല്‍ തയ്യാറാക്കണം എന്നാണ് വക്കീല്‍ നോട്ടീസിലൂടെ മാത്യു ആവശ്യപ്പെടുന്നത്. അതിന് ചാനല്‍ തയ്യാറാകാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമ നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കുമെന്നും നോട്ടീസില്‍ മാത്യു ചൂണ്ടിക്കാട്ടി. അഡ്വ. മുഹമ്മദ് സിയാദ് വഴിയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് മാത്യു കുഴല്‍നാടന്‍ നോട്ടീസ് അയച്ചത്.
Read more
റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്ത തള്ളി പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തുകൃഷ്ണന്‍ തന്നെ രംഗത്തെത്തിയിരുന്നു. മൂവാറ്റുപുഴ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന അനന്തുകൃഷ്ണനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്‌ബോഴാണ് മാത്യു കുഴല്‍നാടന്‍ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞത്. മാത്യു കുഴല്‍നാടന്‍ ഇയാളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് തിങ്കളാഴ്ച റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയത് വിവാദമായതിനു പിന്നാലെയായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.