കോതിയില്‍ വന്‍പ്രതിഷേധം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പൊലീസിന്റെ ബലപ്രയോഗം

കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

പൊലീസ് ബലപ്രയോഗിച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്.

കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കോടതി സ്റ്റേ നീക്കിയതിന് പിന്നാലെയാണ് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.

മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ നേരത്തെ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ചതിന് പിന്നാലെ നാട്ടുകാര്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സ്റ്റേ നീക്കിയതിന് പിന്നാലെ വന്‍ പോലീസ് സന്നാഹത്തോടെയെത്തി നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി എത്തിയത്.