എറണാകുളം എടയാർ വ്യവസായ കേന്ദ്രത്തിലെ ഓയിൽ കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാർ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
സിജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായാതായി പ്രദേശവാസികൾ പറയുന്നു.
രാവിലെ എട്ടരയ്ക്കു ശേഷമായിരുന്നു സംഭവം. ചെറിയ പൊട്ടിത്തെറിക്ക് പിന്നാലെ വലിയതോതിൽ തീ പടരുകയായിരുന്നു. ആറ് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്. തീപിടുത്തമുണ്ടായ സമയത്ത് മുപ്പതോളം ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.







