പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദ്ദേശം

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എസ് പി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവരില്‍ നിന്നും പിഴയീടാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഏപ്രില്‍ 27 ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതായും കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

കോവിഡ് കണക്കുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഏപ്രിലില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ദുരന്ത നിവാരണ വിഭാഗം സര്‍ക്കുലര്‍ നല്‍കിയിരുന്നു. പക്ഷേ പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ പിഴ ചുമത്തുന്ന നടപടിയാണ് ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഇന്നു മുതല്‍ ഈ നടപടി പുനരാരംഭിച്ചേക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 2500ന് മുകളിലാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികള്‍. ഈ പശ്ചാത്തലത്തിലാണ് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എഡിജിപി നിര്‍ദേശം നല്‍കിയത്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് നടപടി കടുപ്പിക്കാന്‍ എഡിജിപി തീരുമാനിച്ചത്.