വിദ്യാർത്ഥികൾ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം, 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികളും വാക്‌സി ൻ എടുക്കണം; ആരോഗ്യമന്ത്രി

വിദ്യാ​ർത്ഥികൾ സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. രണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ വീണ്ടും തുറന്നതോടെയാണ് മന്ത്രിയുടെ ജാ​ഗ്രത നിർദ്ദേശം. കോവിഡ് പൂർണ്ണമായി മാറിയിട്ടില്ലെന്നും അധ്യാപകരും വിദ്യാർത്ഥികളും ജാ​ഗ്രത കെെവെടിയരുതെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. വൃത്തിയുള്ള മാസ്ക് കുട്ടികൾ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂൾ അധികൃതരും ഉറപ്പുവരുത്തണം.

സ്കൂളിലേക്ക് വരുന്ന വഴിയിൽ കിളികളോ, വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണ് കിടന്ന് കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങൾ കഴിക്കരുതെന്നും ഇക്കാര്യത്തിൽ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിർദ്ദേശിച്ചു. രോഗലക്ഷണങ്ങളുള്ളവർ ആരും തന്നെ സ്‌കൂളിൽ പോകരുത്. കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ദിവസവും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാൻ ശേഷിക്കുന്ന 12 വയസിന് മുകളിലുള്ള മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകണം.

കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്. പാഠപുസ്തക, യൂണിഫോം വിതരണം 90 ഏകദേശം ശതമാനവും പൂർത്തിയായി കഴിഞ്ഞു.

ഇനി ബാച്ചുകളോ, ഇടവേളകളോ, ഫോക്കസ് ഏരിയയോ ഒന്നുമില്ല. എല്ലാം പഠിക്കണം, എല്ലാവരും എല്ലാ ദിവസവും സ്കൂളിൽ വരണം.  ആദ്യ മൂന്നാഴ്ചയോളം റിവിഷനായിരിക്കും. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഭക്ഷണം പങ്കുവയ്കകരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികൾക്കും12നും 14നും ഇടയിലുള്ള 14.43% കുട്ടികൾക്കും രണ്ട് ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്.

അധ്യാപകരുടെ കുറവാണ്  മറ്റൊരു പ്രതിസന്ധി.1.8ലക്ഷം അധ്യാപകരാണ് ഇന്ന് സ്കൂളിലേക്ക് എത്തിയത്. 353 പേരെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നെങ്കിലും  വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതിൽ കൃതമായ കണക്കായിട്ടില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യായനം മുടങ്ങാതെ നോക്കാനാണ് സർക്കാറിൻ്റെ ഇപ്പോഴത്തെ ശ്രമം. ഇതിനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം.