സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് മോദിയെത്തും; ഗുരുവായൂരിൽ വിവാഹങ്ങൾ മാറ്റിവച്ചിട്ടില്ലെന്ന് ദേവസ്വം

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാ​ഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അവിടെ നടക്കാനിരുന്ന വിവാഹങ്ങൾ മാറ്റിവച്ചെന്ന വാർത്ത നിഷേധിച്ച് ദേവസ്വം. മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വിവാഹം പോലും മാറ്റി വച്ചിട്ടില്ലെന്നും എല്ലാ വിവാഹങ്ങളും നടത്തുമെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നത്.വിവാഹം മാറ്റിവെച്ചെന്ന രീതിയിലുള്ള വാർത്തകൾ പരന്നതോടെയാണ് വിശദീകരണവുമായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ രം​ഗത്തെത്തിയത്.എന്നാൽ അന്നേ ദിവസം, രാവിലെ ചോറൂണിനും തുലാഭാരത്തിനും ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കുണ്ട്.

മോദി എത്തുന്നത് കൊണ്ട് ഗുരുവായൂരിലെ മറ്റ് വിവാഹങ്ങള്‍ മുടങ്ങുമെന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.എകെജി സെന്റര്‍ അവതരിപ്പിക്കുന്ന പുതിയ നുണക്കഥയാണ് ഗുരുവായൂരിലെ കല്യാണം മുടക്കല്‍. സുരേഷ് ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തില്‍ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വം ബോര്‍ഡും പൊലീസും വ്യക്തമാക്കിയിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂരില്‍ വിവാഹം കഴിക്കാന്‍ മുഹൂര്‍ത്തമൊന്നും നോക്കാറില്ലെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.