ഡിജിപിയുടെ ഔദ്യോഗികമായ പ വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ മാധ്യമ പ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ. കണ്ടാലറിയാത്ത മാധ്യമ പ്രവർത്തകർക്കെതിരെയാണ് എഫ്ഐആർ. മാർച്ചിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായി എത്തിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
നേരത്തെ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഈ പൊലീസുകാരാണ്. ഇവരെ സുരക്ഷാവീഴ്ചയിലാണ് ബാറ്റാലിയൻ ഡിഐജി സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാർ ഗേറ്റ് തുറന്നതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
Read more
മഹിളാ മോർച്ചാ പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാൽ ഇവരെ സ്ഥലത്ത് നിന്ന് മാറ്റാൻ വളരെ പ്രയാസപ്പെട്ടിരുന്നു. പ്രതിഷേധം തുടരുകയും പിന്നീട് പൊലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു.







