മരട് ഫ്‌ളാറ്റ് പൊളിക്കാന്‍ ഇനി ആറു ദിവസം മാത്രം; സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങി; പ്രകമ്പനം പഠിക്കാന്‍ ഐ.ഐ.ടി സംഘം

മരട് ഫ്‌ളാറ്റുകള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ പൊളിക്കാന്‍ അന്തിമ രൂപമൊരുക്കി ജില്ലാ ഭരണകൂടം. പൊളിക്കുന്നതിനായി മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങി. അടുത്ത ശനിയാഴ്ച ഫ്‌ളാറ്റുകള്‍ പൊളിച്ചു തുടങ്ങും. സ്ഫോടനത്തിന് മുമ്പ് നിരോധനാജ്ഞയും ഗതാഗത നിയന്ത്രണവും ഉണ്ടാവും.

ആദ്യം പൊളിക്കുന്ന എച്ച്2ഒ ഫ്‌ളാറ്റിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പൊതിഞ്ഞ് അതീവ സുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ ഫ്‌ളാറ്റിനുള്ളിലേക്ക് കൊണ്ടുപോകുന്നത്. പൂര്‍ണമായി നിറച്ചതിനു ശേഷം സ്‌ഫോടനം നടത്തുന്നതിന്റെ തലേ ദിവസം മാത്രമേ ഇവ ഡിറ്റണേറുകളുമായി ബന്ധിപ്പിക്കുകയുള്ളു. സ്‌ഫോടനത്തിന്റെ പ്രകമ്പനം പഠിക്കാന്‍ മദ്രാസ് ഐഐടി സംഘവും മരടിലെത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പൊളിക്കൽ ദിവസങ്ങളിലെ ക്രമീകരണങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ചുരുങ്ങിയത് 2000 പേരെയെങ്കിലും പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിക്കാനുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഫ്ലാറ്റുകൾ പൊളിക്കുന്നത് കാണാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ഇന്ന് മുതൽ പൊളിക്കൽ നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾക്കും തുടക്കമിടും.