മരട് ഫ്‌ളാറ്റ് അഴിമതി കേസ് : അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മരട് ഫ്ലാറ്റ് അഴിമതി കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാനെയാണ്  കൊല്ലം അഡിഷണൽ എസ് പി യായി സ്ഥലം മാറ്റിയത്. ഫ്ലാറ്റ് അഴിമതി കേസ് അന്വേഷണം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് സ്ഥാനക്കയറ്റം നൽകി പുതിയ ചുമതല നൽകിയത്.

സിപിഐഎം നേതാവ് കെ. സി ദേവസിയുടെ അറസ്റ്റിലേക്ക് ക്രൈം ബ്രാഞ്ച് നീങ്ങുന്നു എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് സ്ഥലംമാറ്റമെന്നാണ് ആരോപണം. ദേവസിയെ രക്ഷിക്കാനുള്ള സിപിഐഎം നേതാക്കളുടെ ഇടപെടല്‍ നേരത്തെ തന്നെ ചര്‍ച്ചാവിഷയമായിരുന്നു.

സ്ഥലംമാറ്റത്തിന് പിന്നില്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തിലുള്ള സ്ഥലംമാറ്റം കേസിനെ സാരമായി ബാധിക്കും. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ല. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസും ജോസി ചെറിയാന്‍ തന്നെയാണ് അന്വേഷിക്കുന്നത്. ഈ കേസന്വേഷണവും ഇതോടെ വഴിമുട്ടും.

മരട് ഫ്ലാറ്റ് അഴിമതി കേസിൽ ഇതുവരെ ഫ്ലാറ്റ് നിർമ്മാതാക്കളായ രണ്ട് പേരും, മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, ക്ലർക്ക് ജയറാം, ജൂനിയർ സൂപ്രണ്ട് പി.ഇ ജോസഫ്  എന്നിവരടക്കം  അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ രഹസ്യമൊഴിയിലും സിപിഎം നേതാവ് കെ.എ ദേവസിയ്ക്കെതിരെ തെളിവുകളുണ്ട്.