മരട് ഫ്ലാറ്റ് കേസ്: പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം

ഫ്ലാറ്റ് കേസില്‍ മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിന് ജാമ്യം ലഭിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 58 ദിവസത്തോളമായി ഇയാള്‍ മൂവാറ്റുപുഴ സബ് ജയിലിൽ റിമാന്‍ഡിലായിരുന്നു.

മരട് പഞ്ചായത്ത്‌ സമിതിയുടെ അറിവോടെയാണ് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയതെന്ന് മുഹമ്മദ്‌ അഷറഫ് നേരത്തെ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതോടെയാണ് മരട് പഞ്ചായത്ത്‌ മുൻ അംഗങ്ങളിലേക്കും ക്രൈം ബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചത്.

അതിനിടെ മരടില്‍ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള പ്രദേശവാസികള്‍ക്കായുള്ള ഇൻഷുറൻസ് കമ്പനിയുടെ സർവെ പുനരാരംഭിക്കാന്‍ തീരുമാനമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ തടസ്സപ്പെട്ട സര്‍വെയാണ് സബ് കളക്ടര്‍ ഇടപെട്ട് പുനരാരംഭിക്കുന്നത്. പ്രദേശവാസികളുമായി സബ്‍ കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം.