കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടാവില്ലെന്ന് ആശങ്ക; മരടില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായ സമിതിക്കെതിരേ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ഉടമകളും

മരട് ഫ്‌ളാറ്റ് കേസില്‍ സുപ്രീം കോടതി രൂപവത്കരിച്ച  സമിതിക്കെതിരേ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ഉടമകളും രംഗത്ത്. സമിതിയില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുള്ളതിനാല്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയവരെ കണ്ടെത്തില്ലെന്നാണ് ഇവരുടെ ആരോപണം. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ ആണ് സമിതിയുടെ അദ്ധ്യക്ഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതികള്‍ അന്വേഷിക്കാന്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നാണ് അപേക്ഷയിലെ പ്രധാന ആവശ്യം. നിര്‍മ്മാണത്തിന് അനുമതി നല്‍കിയവരെ കണ്ടെത്താനുള്ള ചുമതല ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായ സമിതിക്ക് കൈമാറിയേക്കാന്‍ സാദ്ധ്യതയുള്ളതിനാലാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഫ്‌ളാറ്റുകള്‍ അനധികൃതമായി നിര്‍മ്മിക്കാന്‍ അനുവദിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കാനുള്ള തുക ഈടാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയ ശേഷം കുറ്റക്കാരെ കണ്ടെത്താമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവാദികളെ കണ്ടെത്താന്‍ എന്ത് മാര്‍ഗമാണ് അവലംബിക്കുകയെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതും സമിതി തന്നെയാകുമെന്ന ആശങ്ക ഉടലെടുത്തത്.

സമിതിയില്‍ സര്‍ക്കാരിലെ പല ഉന്നത ഉദ്യോഗസ്ഥരുമുള്ളതിനാല്‍ കുറ്റക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്നാണ് ഇവരുടെ ആരോപണം. അതിനാല്‍ മരട് വിഷയവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഗണിക്കാന്‍ ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ സിവില്‍ കോടതിയെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. അതിനിടെ, മരടിലെ നഷ്ടപരിഹാര നിര്‍ണയത്തിനായി പ്രത്യേക ട്രിബ്യൂണലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റുചിലരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.