'ഞങ്ങള്‍ അനുഭവിക്കുന്ന വിഷമം ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന; ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരൊന്നുമല്ല': ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയവരോട് ഇവര്‍ പറയുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങളും ജനങ്ങളും. ഇത്തരമൊരു സംഭവം കേരളത്തില്‍ ആദ്യമായതു കൊണ്ടു തന്നെ പൂരക്കാഴ്ച കാണാന്‍ വരുന്നതു പോലെയാണ് ആളുകള്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാന്‍ തിങ്ങിക്കൂടിയത്.

രണ്ടു ദിവസം കൊണ്ട് നാലു ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചത്. ഫോട്ടോയെടുത്തും സെല്‍ഫിയെടുത്തും ആളുകള്‍ ആഘോഷിക്കുമ്പോള്‍ ഇതൊന്നും കാണാനുള്ള കരുത്തില്ലാതെ, സ്വന്തം കിടപ്പാടം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ദു:ഖത്തിലായിരുന്നു ഉടമകള്‍.

ഇങ്ങനെയൊരു അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന ഒരവസ്ഥ വരുമ്പോഴേ വേദന മനസ്സിലാകൂ എന്നും ഇവര്‍ ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷിക്കുന്നവരോട് പറയുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന എല്ലാവരും കോടിശ്വരന്മാരൊന്നുമല്ല. സാധാരണക്കാരുമുണ്ട്. ഇപ്പോള്‍ പലരുടേയും ജീവിതം തന്നെ മാറിപ്പോയെന്നും തകര്‍ത്ത ഫ്‌ളാറ്റുകളിലൊന്നിലെ താമസക്കാരായിരുന്ന ദമ്പതികള്‍ കൈരളി ചാനലിനോട് പറഞ്ഞു.

“ഇന്നലെ എച്ച്ടുഒ പൊളിച്ചതിനു ശേഷം അവിടെ പോയിരുന്നു. അവിടെ ഉണ്ടായിരുന്ന പലരുടേയും കമന്റുകള്‍ കേട്ടപ്പോള്‍ വിഷമം തോന്നി. അവര്‍ ആഘോഷിക്കുകയാണ്. ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവരും കോടീശ്വരന്മാരല്ല. സാധാരണക്കാരുമുണ്ട്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട പല കുടുംബങ്ങളും ഒറ്റമുറി വീടുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമുണ്ട്.”-അവര്‍ പറഞ്ഞു.

നിയമലംഘനം നടത്തിയ നാലു ഫ്‌ളാറ്റുകളാണ് മരടില്‍ രണ്ടു ദിവസം കൊണ്ട് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. ശനിയാഴ്ച ആദ്യ ദൗത്യത്തില്‍  ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. നിലംപൊത്തി. രണ്ടാമത് ആല്‍ഫാ സെറീന്റെ രണ്ട് ടവറുകളുടെ തകര്‍ച്ച. ഞായറാഴ്ച രാവിലെ 11.03ന് ഏറ്റവും വലിയ സമുച്ചയമായ കോറല്‍കോവും നിലംപതിച്ചു. ഏറ്റവും ഒടുവിലായി ഗോള്‍ഡന്‍ കായലോരവും മണ്ണടിഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കംചെയ്യാന്‍ കരാര്‍ എടുത്തവരുടെ ജോലികളും പൊടിനിറഞ്ഞ വീടുകളുടെ വൃത്തിയാക്കലും അടക്കമുള്ള ജോലികള്‍ ഇനിയും ബാക്കിയാണ്.