മരട്: കൂടുതല്‍ പേര്‍ പ്രതികളായേക്കും; മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുന്‍ മരട് പഞ്ചായത്ത് അംഗങ്ങളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി പറഞ്ഞു. 2006-ല്‍ ചേര്‍ന്ന മരട് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്ന് അറസ്റ്റിലുള്ള മുന്‍ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ യോഗത്തില്‍ അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായ കെ.എ ദേവസ്സി മിനിറ്റ്‌സ് തിരുത്തിയതാണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ചും രാഷ്ടീയ നേതാക്കളുടെ പങ്കില്‍ അന്വേഷണം തുടങ്ങിയിട്ടുള്ളത്.

ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച മൊഴിയും പഞ്ചായത്ത് രേഖകളും വിശദമായി പരിശോധിച്ച ശേഷം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ആളുകളെ ചോദ്യം ചെയ്യാനാണ് നീക്കം. നിയമം ലംഘിച്ച് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ആരും രക്ഷപ്പെടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാണെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും നീക്കമുണ്ട്. രാഷ്ട്രീയ നേതാക്കളും ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കേസില്‍ പ്രതികളാകും. ഇതിനിടെ മരടില്‍ നഷ്ടപരിഹാരം ലഭിക്കാനുള്ള 107 പേരോട് ഇന്ന് മുതല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ അടങ്ങിയ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നഗരസഭ അറിയിച്ചിട്ടുണ്ട്. സത്യവാങ്ങ്മൂലത്തിലെ വിവരങ്ങള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം നഷ്ടപരിഹാര തുക അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് നഗരസഭയുടെ തീരുമാനം.