ഒരുപാട് ബിരുദങ്ങളെടുത്ത് മണ്ടന്മാരാകാതെ സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിയാവുകയാണ് വേണ്ടത് - മാമുക്കോയ

ഒരുപാട് ബിരുദങ്ങളെടുത്ത് മണ്ടന്മാരാകാതെ സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിയാവുകയാണ് വേണ്ടതെന്ന് നടന്‍ മാമുക്കോയ. സമൂഹത്തിന് പ്രയോജനപ്പെടുന്ന വ്യക്തിയാകാന്‍ അല്പം കലാബോധമൊക്കെ ഉള്ളില്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കലാലോകത്തിന് പുതിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെയാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കലോത്സവങ്ങളില്‍ പങ്കെടുക്കാന്‍ മാത്രം കല പഠിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ സ്‌കൂള്‍ കലോത്സവങ്ങള്‍ കലയ്ക്ക് എന്ത് നല്‍കുന്നുവെന്ന ചോദ്യത്തിന് മറുപടിപറയാന്‍ ബുദ്ധിമുട്ടാണെന്നും മാമുക്കോയ പറഞ്ഞു.

.നല്ലൊരു പ്രതിഭ വരുന്നില്ലെന്നുള്ളത് വിഷമമുള്ള കാര്യമാണ്. ഇനിയൊരു യേശുദാസോ, ബാബുരാജോ, വയലാര്‍ രാമവര്‍മയോ എന്തിന് ഒരു ഗിരീഷ് പുത്തഞ്ചേരി ഉണ്ടാവില്ല. കലയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള ബോധവത്കരണം കൂടിയാകണം കലോത്സവം. കലോത്സവങ്ങള്‍ പ്രയോജനപ്പെടുന്നുണ്ടോയെന്ന് സംഘാടകരും ആത്മപരിശോധന നടത്തണം-മാമുക്കോയ കൂട്ടിച്ചേര്‍ത്തു.