മലയാളി യുവാവ് പോളണ്ടില്‍ കുത്തേറ്റു മരിച്ചു

പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ പോളണ്ടില്‍ കുത്തേറ്റു മരിച്ചു. പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഇബ്രാഹിമാണു (30) മരിച്ചത്. കൊലയുടെ കാരണം സംബന്ധിച്ചോ കൊലയാളിയെക്കുറിച്ചോ പോളണ്ട് എംബസി അധികൃതര്‍ വ്യക്തമാക്കിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പോളണ്ടിലെ ഐഎന്‍ജി ബാങ്കിലെ ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പോളണ്ട് പൗരനൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്.

കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി അധികൃതര്‍ വ്യക്തമാക്കി.