മലയാള സാഹിത്യലോകത്തെ അതുല്യപ്രതിഭ പ്രൊഫസര്‍ എംകെ സാനു അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 98 വയസായിരുന്നു. എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി, സാഹിത്യ വിമര്‍ശകന്‍ എന്നിങ്ങനെ മലയാള ഭാഷ ലോകത്ത് അതുല്യമായ ഇടം സൃഷ്ടിച്ചാണ് മലയാളത്തിന്റെ പ്രിയ സാനുമാഷ് വിടവാങ്ങിയത്. മലയാളസാഹിത്യനിരൂപണ മേഖലയ്ക്ക് അപ്പുറം പ്രൊഫസര്‍ എംകെ സാനു സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും കേരള സമൂഹത്തിനും ഒന്നടങ്കം ഗുരുനാഥനായിരുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭകളില്‍ ഒരാളായിരുന്നു എംകെ സാനു.
സാഹിത്യ വിമര്‍ശകന്‍, ജീവചരിത്രകാരന്‍, അധ്യാപകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ ഒട്ടനവധി കര്‍ത്തവ്യ മണ്ഡലങ്ങളിലും കേരള സാംസ്‌കാരിക ലോകത്തെ ശബ്ദമായും എംകെ സാനു നിലകൊണ്ടു. ഇടതുപക്ഷ ആശയങ്ങള്‍ നെഞ്ചേറ്റി നിന്ന സാനു മാഷ് കേരളത്തില്‍ പാര്‍ട്ടിഭേദമന്യേ നിലപാടുകളാല്‍ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമായി.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ 1928 ഒക്ടോബര്‍ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എംകെ സാനു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തില്‍ എം.എ.ബിരുദം നേടി. നാലുവര്‍ഷത്തോളം സ്‌കൂള്‍ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളില്‍ അധ്യാപകനായി. കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1958-ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983-ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. 1986-ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987-ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. പക്ഷേ പിന്നീട് സജീവ രാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു.
വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. മലയാളത്തിലെ ജീവചരിത്രശാഖയ്ക്ക് എം.കെ. സാനു നൽകിയ സംഭാവനകൾ ചെറുതല്ല. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന സാനുവിന്റെ ‘ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം’ എന്ന ജീവചരിത്രമാണ് ചങ്ങമ്പുഴയെ കുറിച്ചുള്ള ഏറ്റവും ദീപ്തമായ പുസ്തകം. ബഷീറിനെപ്പറ്റി ‘ഏകാന്തവീഥിയിലെ അവധൂതൻ’, പി.കെ. ബാലകൃഷ്ണനെപ്പറ്റി ‘ഉറങ്ങാത്ത മനീഷി’, ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പറ്റി ‘അസ്തമിക്കാത്ത വെളിച്ചം’, ‘യുക്തിവാദി എം.സി. ജോസഫ്’ തുടങ്ങിയ ജീവചരിത്ര രചനകളും പ്രശസ്തമാണ്. ആശാൻ കവിതയെപ്പറ്റി ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട് അദ്ദേഹം. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.
Read more
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള യൂണിവേഴ്‌സിറ്റി ശ്രീനാരായണ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.







