മദ്യം ഒഴുക്കാന്‍ സര്‍ക്കാര്‍; ജവാന്‍ മോഡല്‍ പുതിയ ബ്രാന്‍ഡ് ; 'മലബാര്‍ ബ്രാന്‍ഡി' ഓണത്തിന് വിപണിയില്‍

‘ജവാന്‍’ മദ്യത്തിന് പുറമെ കേരള സര്‍ക്കാര്‍ പുതിയ ബ്രാന്റുകള്‍ പുറത്തിറക്കാന്‍ തയാറെടുക്കുന്നു. പുതുബ്രാന്‍ഡ് മദ്യം മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. ബോര്‍ഡിന്റെ അനുമതിയും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായി. കേരള പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല. സര്‍ക്കാര്‍ മേഖലയില്‍ മദ്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്ട് ചിറ്റൂരിലുള്ള മലബാര്‍ ഡിസ്റ്റലറീസില്‍ മദ്യ ഉല്‍പാദനം ആരംഭിക്കുന്നത്. പൂട്ടിപ്പോയ ചിറ്റൂര്‍ ഷുഗര്‍ മില്ലാണ് ഡിസ്റ്റലറിയാക്കുന്നത്.സംസ്ഥാനത്തെ കുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് കൂടി പരിഗണിച്ചാണ് മലബാര്‍ ബ്രാണ്ടി പുറത്തിറക്കുന്നത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡായ ജവാന് പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. നിലവില്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്‍പാദിപ്പിക്കുന്ന ജവാന്‍ റമ്മാണ് സംസ്ഥാന സര്‍ക്കാരിന്റേതായി വിപണിയിലുള്ള ഏക മദ്യം.