പത്തനാപുരത്ത് ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാകുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം മണ്ഡലത്തിലെ ജനങ്ങളുമായി തനിക്കുള്ളത് നല്ല ആത്മബന്ധമാണെന്നും മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും വികസനം കൊണ്ടുവന്നിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞത് കൊവിഡ് ബാധിച്ചതിനാലാണെന്നും, ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിൽ ആരെയും താൻ കുടുക്കിയിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ താൻ കുടുക്കിയെന്ന പ്രചാരണത്തിലായിരുന്നു ഗണേഷ് കുമാറിന്‍റെ മറുപടി. അത്തരമൊരു ആരോപണം ഉണ്ടെങ്കില്‍ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് വരുമ്പോൾ പലരും കളവ് പറയുന്നു. കൂടെ നിൽക്കുന്നവർ വഞ്ചകരാണെന്ന് തിരിച്ചറിയാനുള്ള ദുഷ് ചിന്ത തനിക്കില്ല എന്നും പറയാനുള്ളത് മുഖത്ത് നോക്കി തന്നെ പറയുമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പ്രചാരണങ്ങൾ ബാധിക്കില്ലെന്നും ആരുടെയും കുതന്ത്രം വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







