മഹാരാജാസ് കോളജ് നാളെ തുറക്കും, അഞ്ച് സെക്യൂരിറ്റ് ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യം

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് നാളെ തുറക്കും. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാൻ ധാരണയായത്. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോ​ഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോ​ഗത്തിൽ തീരുമാനമായി.

കോളജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നത്.

മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ ബന്ധപ്പെട്ട 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാർഥിനികളടക്കം പട്ടികയിലുണ്ട്. കോളേജിലെ സംഘർഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചിരുന്നു. സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവർ അറസ്റ്റിലായിരുന്നു.