കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം, 200 മെഗാവാട്ട് വൈദ്യുതി നൽകി മധ്യപ്രദേശ്

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെഎസ്ഇബിക്ക് അപ്രതീക്ഷിത ആശ്വാസം. മധ്യപ്രദേശ് വൈദ്യുതി ബോർഡ് 200 മെഗാവാട്ട് വൈദ്യുതി നൽകി. അടുത്ത വർഷം തിരികെ കൊടുക്കാമെന്ന വ്യവസ്ഥയിലാണ് വൈദ്യുതി വാങ്ങിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ ഈ വെദ്യുതി ലഭിച്ചു തുടങ്ങി. ഒരു മാസത്തേക്കാണ് വൈദ്യുതി ലഭ്യമാവുക.

കരാറുകളില്ലാതെ സ്വാപ്പ് വ്യവസ്ഥയിലാണ് വൈദ്യുതി ലഭിച്ചിരിക്കുന്നത്. മഴ കുറഞ്ഞതോടെ സംസ്ഥാനം വൻ വൈദ്യുതി പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരുന്നത്. വൈദ്യുതി ഉല്പാദനം കുറവും ഉപഭോഗം കൂടുതലുമാണ്. ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ ഉല്പാദനം വർദ്ധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കുവാനുള്ള സാഹചര്യവും ഇല്ലായിരുന്നു.

പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി നിരക്ക് വർദ്ധനയെ കുറിച്ചും അലോചന ഉണ്ടായിരുന്നു. എന്നാല്‍ നിരക്ക് വർദ്ധനവ് ഉടന്‍ ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളിലൂടെ ഡിസംബർ വരെ വൈദ്യുതി വാങ്ങാൻ അനുമതി ഉണ്ടെങ്കിലും കമ്പനികൾ വൈദ്യുതി നൽകുന്നില്ല. ഇതോടെയാണ് പുതിയ കരാറുകൾ വഴി വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബി നീക്കം ആരംഭിച്ചത്.