ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നല്‍കാൻ മടിയില്ല, പാർട്ടി വീക്ഷണം ആരിലും അടിച്ചേൽപ്പിക്കില്ലെന്ന് എം. എ ബേബി

ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ മടിയില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഉണ്ടാകുന്നതെങ്കില്‍ അത്തരത്തിലുള്ള ചര്‍ച്ച നടക്കും. ഒരു സമവായം ഉണ്ടാക്കി കൊണ്ടു മാത്രമേ നടപ്പാക്കുകയുള്ളൂ. പാര്‍ട്ടി നിലപാടിനെതിരെ, ജനങ്ങള്‍ക്ക് വ്യത്യസ്ത സമീപനം ആണെങ്കില്‍, പാര്‍ട്ടി നിലപാട് ബലാത്കാരേണ നടപ്പാക്കുന്ന സമീപനം കമ്മ്യൂണിസ്റ്റുകാര്‍ക്കില്ലെന്ന് ബേബി പറഞ്ഞു.

സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതല വഹിക്കുന്ന പാര്‍ട്ടിക്ക് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്നതാണ് പാര്‍ട്ടിയുടെ  നിലപാട്. എന്നാല്‍ ഇത് ഘട്ടംഘട്ടമായിട്ടാകും സമൂഹത്തില്‍ നടപ്പാക്കാന്‍ കഴിയൂ.

കോണ്‍ഗ്രസിന് ഈ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടായിരുന്നു. അതുകൊണ്ടാണ് വിധി നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്. എന്തുകൊണ്ട് ഇത് ചര്‍ച്ച ചെയ്തില്ലെന്നാണ് ഇപ്പോൾ ചിലര്‍ ചോദിക്കുന്നത്. സ്ത്രീതുല്യതയ്ക്ക് വേണ്ടിയാണ് ഇടതുപക്ഷം നില്‍ക്കുന്നത്.

സുപ്രീംകോടതിയുടെ ഭരണഘടന വിശാലബെഞ്ച് കേസില്‍ വിധി പ്രസ്താവിക്കണം. ആ വിധി എന്താണെന്ന് നോക്കിയിട്ട് വേണമല്ലോ , എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടത്, മറ്റെല്ലാവരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയുടെ മുന്നില്‍ മറ്റെന്തെങ്കിലും അഭിപ്രായം പറയണോ എന്നതെല്ലാം ആലോചിക്കാന്‍ സമയമുണ്ട് എന്നും എം എ ബേബി പറയുന്നു.

സുപ്രീംകോടതി ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായാലാകും പുതിയ സത്യവാങ്മൂലത്തെപ്പറ്റി ആലോചിക്കുക. എല്ലാവരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സത്യവാങ്മൂലം നല്‍കുകയെന്നും ബേബി പറഞ്ഞു. വിശ്വാസികളുടെ സമ്മര്‍ദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.