' ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ കണ്ടത്' ; എംഎ ബേബി

ഗവർണർ ആരിഫ് മുഹമ്മദ്ഖാനം വിമർശിച്ച് സിപിഎം നേതാവ് എംഎ ബേബി. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ നടത്തിയ പരാമർശം എടുത്താണ് വിമർശനം. ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ വിശേഷിപ്പിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണമെന്നും എംഎ ബേബി കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം;

സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി കഴിഞ്ഞദിവസം മുംബൈയിൽ പറഞ്ഞതിങ്ങനെയാണ്, “ഗവർണർ സ്ഥാനത്തേക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെ വേണം അല്ലാതെ ഇന്നത്തെ കേരള ഗവർണറെപ്പോലെയുള്ളവരാകരുത് എന്ന് സുപ്രീം കോടതി വിധിക്കുന്ന ഒരു ദിവത്തിനായി ഞാൻ കാത്തിരിക്കുന്നു.” ഇന്ത്യൻ ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ മുപ്പത്തിമൂന്നു മാസം വരെ അകാരണമായി പിടിച്ചുവച്ചിട്ട് സുപ്രീം കോടതി വിധി വരുമ്പോഴേക്കും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്ന, ജനാധിപത്യത്തെ കോക്രി കാട്ടുന്ന അപഹാസ്യമായ പരിപാടിയെക്കുറിച്ചാണ് റോഹിന്തൻ നരിമാൻ ഇതു പറഞ്ഞത്. ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ ജസ്റ്റിസ് റോഹിന്തൻ നരിമാൻ കണ്ടത്. ( അതീവശ്രദ്ധേയമായ നിരീക്ഷണങ്ങളാൽ ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ പ്രഭാഷണം പൂർണ്ണരുപത്തിൽ വായിക്കുവാൻ , നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ ഭാവിയിൽ താല്പര്യമുള്ളവർ സമയം കണ്ടെത്തേണ്ടതാണെന്നും സൂചിപ്പിക്കുന്നു. )
ഈ പ്രഭാഷണം കഴിഞ്ഞ് താമസസ്ഥലത്തുപോയ ജസ്റ്റിസ്നരിമാൻ ടെലിവിഷനിൽ കണ്ടിരിക്കുക തെരുവിലിറങ്ങി, തെരുവുഗുണ്ടകളുടെ ഭാവഹാവാദികളോടെ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന ആരിഫിനെയാണ്.
രാഷ്ട്രപതി, ഗവർണർ, ജഡ്ജി എന്നീ പദവികൾ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യൻ ഭരണഘടനാനിർമാണസഭ എടുക്കുമ്പോൾ പരിണിതപ്രജ്ഞരും സ്ഥിരബുദ്ധിയുള്ളവരുമായിരിക്കും ഈ പദവികളിൽ വരിക എന്നായിരിക്കണം സങ്കല്പിച്ചത്. സർവകലാശാലയുടെ ചാൻസലറായിരിക്കെ അവിടെ ചെന്നിറങ്ങി, തെരുവിലൂടെ നടന്ന് വിദ്യാർത്ഥികളെ വെല്ലുലവിളിക്കുന്ന, വിദ്യാർത്ഥികളെ ക്രിമിനലുകൾ എന്നു വിളിക്കുന്ന, ആർഎസ്എസിന് ആത്മാവ് വിറ്റതുകൊണ്ടുമാത്രം ഗവർണർ പദവിയിലിരിക്കാൻ പറ്റിയ ആരിഫ് ഖാനെ പോലെയുള്ളആളുകൾ ഈ സ്ഥാനത്തുവരും എന്നു ആരും കരുതിയിട്ടുണ്ടാവില്ല.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണം.