എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം; കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്ന് എംഎ ബേബി

തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ആ നിലപാടിനൊപ്പമാണ് താനെന്നും എംഎ ബേബി പറഞ്ഞു. സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നതെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളി സംഘടനകളും മറ്റ് എന്‍ജിഒ യൂണിയനുകളും സംയുക്തമായാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഗണേഷ് കുമാറിന്റെ പ്രസ്താവനയെ കുറിച്ച് കൂടുതല്‍ അറിയില്ല. തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ അവര്‍ നിറവേറ്റുമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.

നേരത്തെ അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രസ്താവന.

Read more

കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് സംയുക്തമായി പണിമുടക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്.