ഭക്ഷണവും വെള്ളവും സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തും; സ്‌കൂളുകളില്‍ ഇന്ന് മുതല്‍ പരിശോധന

കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് ഭക്ഷ്യ വിഷബാധയുണ്ടായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്നു മുതല്‍ വകുപ്പുകളുടെ സംയുക്ത പരിശോധന. ഭക്ഷണവും വെള്ളവും സുരക്ഷിതമായാണോ നല്‍കുന്നത് എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ച് സംയുക്ത പരിശോധന നടത്താനാണ് തീരുമാനം. ഭക്ഷണ സാധനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന വെള്ളം, പാചകപ്പുര എന്നിവയെല്ലാം കമ്മിറ്റി പരിശോധിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളില്‍ നിന്നുള്ള ഭക്ഷണ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം അറിയാനാവുമെന്നും ഇതിനു ശേഷം മാത്രമേ കാരണം വ്യക്തമാകൂയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വെള്ളം പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം ആറു മാസത്തിലൊരിക്കല്‍ വെള്ളം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പുതന്നെ നല്‍കിയിരുന്നു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണം കഴിക്കും. ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കേണ്ട ആഹാരം സംബന്ധിച്ച് സ്‌കൂളുകള്‍ക്ക് സാമ്പിള്‍ മെനു നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.