ലോകായുക്ത: സി.പി.ഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍

ലോകായുക്ത ഭേദഗതി വിഷയത്തില്‍ സി.പി.ഐയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചത് സി.പി.ഐ മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ട മന്ത്രിസഭയില്‍ വിശദമായ ചര്‍ച്ച നടത്തിയതിന് ശേഷമാണ്. വിഷയം സി.പി.ഐ മന്ത്രിമാര്‍ക്ക് അറിയാത്ത കാര്യമല്ലെന്നും, ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത നിയമ ഭേദഗതിയില്‍ സി.പി.ഐ എതില്‍ നിലപാട് എടുത്തിരിക്കുന്നത് സി.പി.എമ്മിന് തലവേദനയായിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തില്ല എന്നാണ് ആരോപണം. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ സി.പി.ഐ എതിര്‍ക്കുമോ എന്നതാണ് സി.പി.എമ്മിന് മുന്നിലെ ആശങ്ക.

ലോകായുക്ത ഓര്‍ഡിനന്‍സിനെ ഇപ്പോഴും എതിര്‍ക്കുന്നുവെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്. ലോകായുക്ത നിയമ ഭേദഗതിയുടെ ആവശ്യം ഗവര്‍ണര്‍ക്ക് മനസിലായിട്ടുണ്ടാകും. അതുകൊണ്ടാണ് അദ്ദേഹം ഒപ്പുവെച്ചത്. എന്നാല്‍ ഇത് സി.പി.ഐയ്ക്ക് മനസ്സിലായിട്ടില്ല. ഭേദഗതിയ്ക്കായുള്ള അടിയന്തര സാഹചര്യം എന്താണ് എന്നതാണ് സി.പി.ഐയുടെ ചോദ്യം. ഇക്കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടത്തി അഭിപ്രായ സമന്വയം ഉണ്ടാകണം. അഭിപ്രായ സമന്വയം ഉണ്ടാക്കി കൊണ്ട് മാത്രമേ എല്‍.ഡി.എഫിന് മുന്നോട്ട് കൊണ്ടു പോകാനാകൂ. ഓര്‍ഡിനന്‍സിന്റെ ആവശ്യകത എന്താണെന്ന് ബോധ്യപ്പെട്ടാല്‍ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സി.പി.ഐയുടേയും പ്രതിപക്ഷത്തിന്റേയും ബി.ജെ.പിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയായിരുന്നു ഗവര്‍ണറുടെ തീരുമാനം.