ലോകായുക്ത: കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ല, കൂടിയാലോചന നടത്താത്തത് ഗുരുതര പിഴവെന്ന് സി.പി.ഐ

ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് സി.പി.ഐ രംഗത്ത്. ഓര്‍ഡിനന്‍സ് ഇറക്കിയത് സംബന്ധിച്ച കോടിയേരിയുടെ ന്യായീകരണം യുക്തിസഹമല്ലെന്ന് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. കേന്ദ്രത്തിന്റെ ഇടപെടല്‍ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറയ്ക്കാനാകില്ല. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് മുമ്പ് വേണ്ടത്ര കൂടിയാലോചന എല്‍.ഡി.എഫിനുള്ളില്‍ നടത്തിയില്ലെന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചോദിച്ചു. സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് ചെയ്യേണ്ടതെന്നും അല്ലാതെ നിയമ ഭേദഗതിയല്ല വേണ്ടതെന്നും കാനം പറഞ്ഞു.

കേന്ദ്ര ഇടപെടല്‍ പറഞ്ഞ് ലോകായുക്തയുടെ അധികാരം കുറക്കരുതെന്ന് സി.പി.ഐ വ്യക്തമാക്കി. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഭയം തോന്നിയെന്ന് പറഞ്ഞ് അതില്‍ മാറ്റം കൊണ്ടുവരുന്നത് രാഷ്ട്രീയമായി ശരിയല്ല. ഭേദഗതി വരുത്തുമ്പോള്‍ മുന്നണി സംവിധാനത്തില്‍ ആലോചിക്കാത്തത് ഗുരുതരമായ പിഴവാണെന്ന് പ്രകാശ് ബാബു ആരോപിച്ചു. നിയമം കൊണ്ടുവന്നപ്പോള്‍ രാഷ്ട്രീയ ചര്‍ച്ച നടത്തിയിരുന്നു. 1996-2001 ല്‍ നിയമസഭ ചര്‍ച്ച ചെയ്താണ് നിയമം പാസാക്കിയത്. നിയമത്തില്‍ ഭേദഗതി വരുമ്പോഴും അത് ഉണ്ടാകണമെന്നും പ്രകാശ് ബാബു പറഞ്ഞു.

ഇടത് മുന്നണിയില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത ശേഷം വിഷയം നിയമസഭയില്‍ കൊണ്ടുവരണമായിരുന്നു. എല്ലാ വിഭാഗം എം.എല്‍.എമാര്‍ക്കും അവരുടെ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാക്കണമായിരുന്നു. ക്യാബിനറ്റില്‍ പോലും ആവശ്യത്തിന് ചര്‍ച്ച നടക്കാതെ ഭേദഗതി കൊണ്ടുവന്നത് ശരിയല്ലെന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രത്തിന് നിലവിലെ നിയമ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ഗവര്‍ണ്ണര്‍ വഴി കേന്ദ്രം ഇടപെടാതിരിക്കാനാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കിയിരുന്നു.

ലോകായുക്ത ശിപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍ നിന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലെ വ്യവസ്ഥ കേന്ദ്ര ഭരണ കക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്ന് കൊടുക്കുന്നതാണ്. നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇപ്പോള്‍. നിയമഭേദഗതി മുഖ്യമന്ത്രിയേയോ മന്ത്രിമാരേയോ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ഇടയാക്കില്ല. ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാമെന്നും കോടിയേരി ലേഖനത്തില്‍ വിശദീകരിച്ചിരുന്നു.