ലോകായുക്ത നിയമഭേദഗതി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച

ലോകായുക്ത നിയമഭേദഗതി പ്രശ്‌ന പരിഹാരത്തിന് ഉഭയകക്ഷി ചര്‍ച്ചയുമായി സിപിഎമ്മും സിപിഐയും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവ് എന്നിവര്‍ ചര്‍ച്ചയില്‍. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുക്കുന്നു

അതേസമയം ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന നിയമഭേദഗതി ബില്ലിന്റെ കരട് തയ്യാറായി. ബുധനാഴ്ച ഇത് നിയമസഭയില്‍ അവതരിപ്പിക്കും.ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി.

ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാമെന്നും അത് തള്ളിക്കളയാമെന്നും ബില്ലില്‍ പറയുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി കഴിഞ്ഞിട്ട് ഗവര്‍ണര്‍ അതില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതോടെയാണ് നിയമസഭ വിളിച്ച് ബില്ലായി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാലാവധി കഴിഞ്ഞ ഏഴ് ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നതോടെ അസാധുവായത്. ഇതേ തുടര്‍ന്ന് നിയമനിര്‍മ്മാണത്തിന് വേണ്ടി മാത്രമായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അസാധാരണ പോരാണ് നിയമസഭാ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ചയ്ക്ക് വഴിയൊരുക്കുക.