പള്ളിതര്‍ക്കങ്ങളില്‍ അധികാരികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഒത്താശ ചെയ്യുന്നു; യാക്കോബായ സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

യാക്കോബായ സഭ ലോക്‌സഭ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു. യാക്കോബായ സഭയുടെ ദേവാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌ക്കരണം. യാക്കോബായ സുറിയാനി സഭ കൊല്ലം, നിരണം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ സംയുക്ത വൈദിക യോഗത്തിലാണ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനമായത്.

യാക്കോബായ സഭയുടെ ദൈവാലയങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഫലപ്രദമായി നേരിടുന്നതില്‍ ഭരണസംവിധാനങ്ങള്‍ക്കും കഴിയുന്നില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുള്ള എതിര്‍പ്പല്ല, മറിച്ച് നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിെന്റെ പ്രതിഷേധവും പരാജയപ്പെടുന്ന ഭരണസംവിധാനത്തോടുള്ള എതിര്‍പ്പുമാണെന്ന് മെത്രാപ്പൊലീത്തമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കട്ടച്ചിറ പള്ളിയില്‍ കോടതി ഉത്തരവ് ലംഘിച്ചും വിശ്വാസികളുടെ അവകാശങ്ങള്‍ ഹനിച്ചും പള്ളി തല്ലിത്തുറന്ന് അകത്തുകയറാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുത്ത അധികാരികളുടെ നടപടി നീചവും അപലപനീയവുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പള്ളിയില്‍ പ്രവേശിക്കുന്നതിന് മെത്രാന്‍ കക്ഷികള്‍ സ്വീകരിച്ച വഴികള്‍ കിരാതവും ക്രൈസ്തവ സഭകള്‍ക്ക് ലജ്ജാകരവുമാണ്. ഗേറ്റും ദൈവാലയത്തിന്റെ പ്രധാന വാതിലും തല്ലിത്തകര്‍ക്കുകയും ദൈവാലയത്തിനകത്ത് പ്രവേശിച്ച് സഭാ പിതാക്കന്മാരുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും കുരിശ് ഉള്‍പ്പെടുന്ന പാത്രിയര്‍ക്ക പതാക കത്തിക്കുകയും ചെയ്ത സംഭവങ്ങളും സഭ ചര്‍ച്ചചെയ്തു.

പള്ളിയില്‍ അതിക്രമിച്ചു കയറിയവര്‍ക്കെതിരെ നടപടി ഉണ്ടാകുന്നതുവരെയും സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും മെത്രാപ്പൊലീത്തമാര്‍ അറിയിച്ചു. തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരി വരെയുള്ള മൂന്ന് ഭദ്രാസനങ്ങളിലെയും വിശ്വാസികള്‍ സഭക്കൊപ്പം നില്‍ക്കുമെന്നും ആരെയും നിര്‍ബന്ധപൂര്‍വം തടയുകയില്ലെന്നും അവര്‍ അറിയിച്ചു.