മദ്യനയം; എല്‍.ഡി.എഫില്‍ ഭിന്നതയില്ല, ക്യൂ ഒഴിവാക്കാനാണ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍; എം.വി ഗോവിന്ദന്‍

പുതിയ മദ്യനയത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായഭിന്നതയില്ലെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. സിപിഐയുടെ വിമര്‍ശനത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം ഇടത് സര്‍ക്കാരിന്റെ നയം തന്നെയാണ്. ആര് എതിര്‍പ്പ് പറഞ്ഞാലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം കാര്‍ഷിക മേഖലയില്‍ ഉണര്‍വ്വുണ്ടാക്കും. വിളകളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. ഐടി പാര്‍ക്കുകളില്‍ അനുവദിക്കുന്ന മദ്യശാലകളില്‍ അവിടെയുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനാണ് കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

മദ്യത്തിന്റെ ഉപഭോഗം സംസ്ഥാനത്ത് കുറവാണെന്നും മദ്യവര്‍ജനം തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നത് പോലെ തന്നെയാണ് പ്രതിപക്ഷത്തിന്റെ മദ്യ നയത്തോടുമുള്ള വിമര്‍ശനമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.