കത്ത് വിവാദം: കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശിപാര്‍ശ നല്‍കിയേക്കും

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ കേസെടുത്തു അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശിപാര്‍ശ നല്‍കിയേക്കും. കത്ത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് മേയര്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് കൃത്രിമ കത്ത് നിര്‍മ്മാണത്തിന് കേസെടുക്കണമെന്ന ശിപാര്‍ശ ഡിജിപിക്ക് നല്‍കുക.

പ്രചരിച്ച കത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലെറ്റര്‍പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയെന്നാണ് മേയറുടെ മൊഴി. ലെറ്റര്‍ ഹെഡും സീലും തന്റെ ഓഫിസിന്റേതാണ്. ഉപയോഗിച്ച ലെറ്റര്‍ഹെഡ് കോര്‍പ്പറേഷനിലെ പല സെക്ഷനുകളില്‍നിന്നും ലഭിക്കും. ഇങ്ങനെ ലഭിച്ചതില്‍നിന്ന് ലെറ്റര്‍ ഹെഡും ഒപ്പിന്റെ ഭാഗത്തെ സീലും വച്ചാണ് കൃത്രിമ കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ ഭാഗം എഡിറ്റ് ചെയ്തു തയാറാക്കിയിരിക്കുന്നതാണെന്നും ആര്യ നല്‍കിയ മൊഴിയില്‍ പറയുന്നു.

വിവാദ വിഷയത്തില്‍ മേയര്‍ നേരിട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. പരാതി നല്‍കിയാല്‍ സംശയമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വരും. ഓഫിസിലെ കമ്പ്യൂട്ടറും പ്രധാനപ്പെട്ട ആളുകളുടെ ഫോണുകളും അടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും. ഇതിനിടെ ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി മേയറുടെ മൊഴി എടുത്തപ്പോള്‍ അട്ടിമറി സാധ്യതയെന്ന മൊഴി ലഭിച്ചത്.

ക്രൈംബ്രാഞ്ച് കൂടുതല്‍ പേരുടെ കൂടി മൊഴി രേഖപ്പെടുത്തും. ഇതിനുശേഷമാകും കോര്‍പ്പറേഷന്‍ നില്‍ക്കുന്ന പരിധിയിലെ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുക.