മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നാലെ പരിഹാസ പോസ്റ്റുമായി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വീടിന് മുന്നിൽ പത്രം വായിച്ചിരിക്കുന്ന ചിത്രമാണ് രാഹുൽ പങ്കുവെച്ചത്. ഒരു കപ്പ് എടുക്കട്ടെ… കപ്പ്, കപ്പേ എന്ന പരിഹാസ ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതേസമയം മാസപ്പടിക്കേസിൽ പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ് നടക്കുകയാണ്.
സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്.
Read more
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതിയിലുള്ള എക്സാലോജിക് കമ്പനിക്ക് സേവനമൊന്നും നൽകാതെ സിഎംആർഎല്ലിന്റെ അക്കൗണ്ടിൽ നിന്ന് 1.72 കോടി രൂപ കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടന്നാണ് ഇഡി കേസ് എടുത്തത്.







