ആ​രോ​ഗ്യമന്ത്രിയുടെ ഓഫീസിലെ നിയമന തട്ടിപ്പ്; മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് പ്രതി ലെനിൻ രാജ്

ആ​രോ​ഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ മുൻ കൂർ ജാമ്യാപേക്ഷുമായി പ്രതി. പ്രതികളിലൊരാളായ ലെനിൻ രാജാണ് മുൻകൂർ ജാമ്യാപേക്ഷയുമായി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.

തട്ടിപ്പ് കേസില്‍ പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്.

ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. പരാതിക്കാരനായ ഹരിദാസന്റെ മരുമകൾക്ക് നിയമനത്തിനായി ഇടനിലക്കാരനായ അഖിൽ സജീവും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗം അഖിൽ മാത്യുവും പണം വാങ്ങിയെന്നാണ് ആരോപണം.

എന്നാൽ കേസിൽ ആള്‍മാറാട്ടം നടന്നുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മന്ത്രിയുടെ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പേരിലാണ് ആള്‍മാറാട്ടം നടന്നത്. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് റിമാന്റ് റിപ്പോർ‌ട്ടിൽ പറയുന്നത്. അഖിൽ സജീവിനേയും , ലെനിൻ രാജിനെയുമാണ്പൊലീസ് പ്രതിപട്ടികയിൽ ചേർത്തിരിക്കുന്നത്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉണ്ടായേക്കാമെന്നും പൊലീസ് പറയുന്നു.

അതേ സമയം, നിയമന കോഴ തട്ടിപ്പ് കേസിൽ അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയത് വൻ തട്ടിപ്പെന് പൊലീസ് വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ റഹീസിന്റെ വാട്സ് ആപ്പ് ചാറ്റിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ സംഘം നിയമന തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്.