ലീ​ഗിനോളം വനിതകളെ പരി​ഗണിച്ചവരില്ല; ലിം​ഗവിവേചനം നടത്തുന്ന പാർട്ടിയല്ല ലീ​ഗെന്ന് സാദിഖലി ശിഹാബ് തങ്ങൾ

ഹരിത വിവാദത്തിൽ നിയമസഭയിൽ ലീ​ഗിനെതിരെ പരോക്ഷവിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലി​ഗിനോളം വനിതകളെ പരി​ഗണിച്ചവരുണ്ടാവില്ലെന്നും ലിം​ഗവിവേചനം നടത്തുന്ന പാർട്ടിയല്ല മുസ്ലീം ലീ​ഗെന്നും അദ്ദേഹം പറഞ്ഞു. ഹരിത വിവാദം ഉയർന്നതിന് പിന്നാലെ ഹരിതയ്ക്ക് പുതിയ കമ്മറ്റിയെ കൊണ്ടുവരുകയാണ് ചെയ്തത്. അതിൽ എവിടെയാണ് ലിം​ഗ വിവേചനമെന്നും സാദിഖലി ശിഹാബ് തങ്ങൾ ചോദിച്ചു. നിയമസഭയിലെ ചോദ്യങ്ങൾക്ക് അവിടെ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും പൊതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന തീരുമാനങ്ങൾ പാർട്ടികൾ സ്വീകരിക്കരുതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടത്. സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. സ്ത്രീകൾക്കെതിരായ പുരുഷ മേധാവിത്വ സമീപനം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സ്ത്രീകൾക്ക് തുല്യ നീതിയും ലിംഗ നീതിയും ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇതിനിടെ ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധവുമായി രം​ഗത്തെത്തി. ചോദ്യോത്തരവേളയുടെ പവിത്രത ഇല്ലാതാക്കുന്ന ചോദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. അത്തരം ചോദ്യങ്ങൾക്ക് സ്പീക്കർ അനുമതി നൽകരുതെന്നും ഹരിത വിഷയവുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ ഹരിത ചോദ്യം റദ്ദാക്കാനാകില്ലെന്ന് സ്പീക്കർ എം ബി രാജേഷ് റൂളിംങ് നൽകി. ഉന്നയിച്ച അംഗങ്ങൾ ചോദ്യം പിൻവലിച്ചാൽ മാത്രമേ റദ്ദാക്കാൻ കഴിയൂവെന്ന് സ്പീക്കർ വ്യക്തമാക്കി.

അതേസമയം ഹരിതാ വിവാദത്തിന് പിന്നാലെ ഹരിതാ കമ്മറ്റിക്ക് നിയന്ത്രണം കൊണ്ടുവരാണ് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലീം ​ലീ​ഗ് പ്രവർത്തക സമതി യോ​ഗം തീരുമാനിച്ചത്. പുതിയ സംസ്ഥാന കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റിവേണ്ടെന്ന് യോഗത്തിൽ തീരുമാനമായത്.

ഹരിതയിൽ ഉണ്ടായ പൊട്ടിത്തെറിയും വിവാദങ്ങളും ചർച്ചക്കെടുത്ത പ്രവർത്തക സമിതി ഹരിതയുടെ സംഘടനാ പ്രവർത്തനത്തിന് പുതിയ മാർഗരേഖ ഉണ്ടാക്കുകയായിരുന്നു. കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും. യൂത്ത് ലീഗിലും എം.എസ്.എഫിലും കൂടുതൽ വനിതകൾക്ക് ഭാരവാഹിത്വം നൽകാനും യോഗത്തിൽ തീരുമാനമായി. കോളേജുകളിൽ മാത്രം സാന്നിധ്യമുള്ള ചെറുയൂണിറ്റായി ഹരിത മാറും.