'എല്‍ഡിഎഫ് ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങി, നിലവില്‍ രണ്ട് കൂട്ടരും ഇല്ലാത്ത അവസ്ഥയാണ്'; തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്ന് വി ഡി സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും പറയുന്നുണ്ടെന്നും ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാമെന്നും വി ഡി സതീശന്‍ പരിഹസിച്ചു. എല്‍ഡിഎഫ് ഇപ്പോള്‍ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിന് ഇറങ്ങിയിരിക്കുകയാണെന്നും നിലവില്‍ രണ്ടുകൂട്ടരും ഇല്ലാതായ അവസ്ഥയാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

എന്താണ് പറയുന്നത്, എന്താണ് പ്രവര്‍ത്തിക്കുന്നത്, പണ്ട് എന്താണ് പറഞ്ഞത് എന്നതൊക്കെ മറന്ന പോലെയാണ് അല്ലെങ്കില്‍ മറന്നതായി അഭിനയിക്കുകയാണ് ഇടതുപക്ഷമെന്നും പ്രതിപക്ഷ നേതാവ് കളിയാക്കി. ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്നും 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി എന്നും പറഞ്ഞ വിഡി സതീശന്‍ 110 തന്നെ ആയിരിക്കും അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കുമെന്നും പരിഹസിച്ചു.

ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ലെന്നും കാരണം ഞങ്ങള്‍ക്ക് വേറെ പണിയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഈ കുറ്റം പറയുന്നവര്‍ക്ക് പരസ്പരം പഴിചാരാം, ഒത്തുചേരാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണെന്നും അത്തരം കാര്യങ്ങളിലെല്ലാം അഭിപ്രായം പറയേണ്ട ആവശ്യമെന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അങ്ങനെ അഭിപ്രായം പറയേണ്ടവരല്ല രാഷ്ട്രീയ നേതാക്കളെന്നും പ്രതിപക്ഷ നേതാവിന്റെ ജോലി അതല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

എന്‍എസ്എസിലോ എസ്എന്‍ഡിപിയിലോ സമസ്തയിലോ എന്തെങ്കിലും തീരുമാനം എടുത്താല്‍ നിങ്ങള്‍ ഉടനെ എന്റെയടുത്തേക്ക് വരും, അതിലൊന്നും അഭിപ്രായം പറയേണ്ട ആളല്ല ഞാന്‍. സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും, ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരണം നടത്തേണ്ട ആളല്ല പ്രതിപക്ഷ നേതാവ്. ഓരോ സംഘടനകളുടെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ നോക്കിക്കോളും. അവിടെയുള്ള പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിച്ചോളും.

Read more

വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിനു ഭയമാണെന്ന് പറയുന്നവര്‍ക്ക് 30 ദിവസം കഴിയുമ്പോള്‍ കാര്യങ്ങള്‍ മനസിലാകുമെന്നും പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണെന്നും വി ഡി സതീശന്‍ പറഞ്ഞു. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലായിക്കോളുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.