ഗവർണർ എത്തുന്നു; ചൊവ്വാഴ്ച ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കിയിൽ ചൊവ്വാഴ്ച എൽഡിഎഫ് ഹർത്താൽ. എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ച ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ. അന്നേ ദിവസം ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്താമെന്ന് അറിയിച്ചത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വെയ്ക്കാത്തതിൽ അധിക്ഷേപ പരാമർശവുമായി എംഎം മാണി രംഗത്തെത്തിയിരുന്നു. ഗവർണറെ ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെയും എംഎം മണി വിമർശിച്ചു. ഗവർണർക്ക് പരിപാടിയിൽ ക്ഷണം നല്കിയതിനാണ് വിമർശനം.