ലതികാ സുഭാഷ് എൻസിപിയിലേക്ക്, പിസി ചാക്കോയുമായി ചർച്ച നടത്തി

നിയമസഭാ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് തലമുണ്ഡനം ചെയ്ത്  പ്രതിഷേധത്തിച്ച് കോണ്‍ഗ്രസ് വിട്ട ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ് എൻസിപിയുമായി സഹകരിക്കുന്നതെന്ന് ലതികാ സുഭാഷ്  പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ലതിക സുഭാഷിൻറെ പ്രതികരണം

സ്വതന്ത്ര നിലപാടില്‍ നിന്ന് മാറി ഒരു പാര്‍ട്ടിയുടെ തണലിലേക്ക് മാറുകയാണ് ലതിക. സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ
ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്ന ലതിക  7,624 വോട്ട് നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക കാരണമായി മാറിയിരുന്നു.

Read more

പാര്‍ട്ടി പ്രസിഡന്‍റായതിന് ശേഷം പിസി ചാക്കോ ലതികാ സുഭാഷുമായി സംസാരിച്ചിരുന്നു. അടുപ്പമുള്ളവരോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ലതിക നിലപാട് പിസി ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻസിപിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എൻസിപിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്.