ഭൂമി തട്ടിപ്പ്; സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍

ഭൂമി തട്ടിപ്പ് കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി അറസ്റ്റില്‍. കോടതി ആധാരം റദ്ദാക്കിയ ഭൂമിയാണെന്ന കാര്യം മറച്ചുവെച്ച് സ്ഥലവില്‍പ്പന നടത്താന്‍ ശ്രമിക്കുകയും 97 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോയമ്പത്തൂരില്‍ നിന്ന് ക്രൈം ബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു.

സുനില്‍ കോയമ്പത്തൂരിലെ നവക്കരയില്‍ വാങ്ങിയ 4.52 ഏക്കര്‍ ഭൂമിയുടെ ആധാരം കോടതി റദ്ദാക്കിയിരുന്നു. ഇത് മറച്ചുവെച്ച് സ്ഥലം കോയമ്പത്തൂര്‍ സ്വദേശിയായ ഗിരിധരന്‍ എന്ന വ്യക്തിക്ക് വില്‍ക്കാന്‍ ശ്രമിച്ചു. ഇയാളില്‍ നിന്ന് 97 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. രജിസ്‌ട്രേഷന്‍ സമയത്താണ് താന്‍ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരന്‍ അറിഞ്ഞത്. തുടര്‍ന്ന് അഡ്വാന്‍സ് തിരികെ ആവശ്യപ്പെട്ടെങ്കിലും സുനില്‍ നല്‍കാന്‍ തയാറായില്ല.

പിന്നീട് ഗിരിധര്‍ പൊലീസില്‍ പരാതി നല്‍കുകയായരുന്നു. സുനില്‍ ഗോപി ഉള്‍പ്പെടെമൂന്ന് പേരുടെ അക്കൗണ്ടിലേക്കാണ് ഗിരിധര്‍ അഡ്വാന്‍സ് തുക നിക്ഷേപിച്ചത്. മറ്റ് രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.