കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കുമ്മനം; പരിഹസിച്ച കടകംപള്ളിക്കും വിമര്‍ശനം

കേന്ദ്ര നേതൃത്വം എന്ത് പദവി തന്നാലും സ്വീകരിക്കുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരന്‍. കേരളത്തില്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയോഗിച്ച കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

ശബരിമല വിഷയം കേരള രാഷ്ട്രീയം മാറുന്നതിന്റെ നിമിത്തമാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി. ചര്‍ച്ച് ആക്ട് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് കുറ്റപ്പെടുത്തിയ കുമ്മനം, കേരളത്തില്‍ മതസ്വാതന്ത്ര്യവും ആരാധന സ്വാതന്ത്ര്യവും നിലനില്‍ക്കണമെന്നാണ് അറിയിച്ചത്.

ഗവര്‍ണര്‍ പദവി നഷ്ടപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയ തന്നെ പരിഹസിച്ച കടകംപള്ളിക്ക് കുമ്മനം മറുപടി നല്‍കിയിട്ടുണ്ട്. കടിച്ചതും പിടിച്ചതും ലക്ഷ്യമിട്ടല്ല രാഷ്ട്രീയത്തില്‍ വന്നത്, അത്തരം ലക്ഷ്യങ്ങള്‍ കണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കടകം പള്ളിയുടെതാണെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സ്ഥാനം മോഹിച്ച് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

സ്ഥാനാര്‍ഥിത്വംകൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കയ്യിലിരുന്നതും കടിച്ചുപിടിച്ചതും പോയെന്ന അവസ്ഥയാവും. കാത്ത് കാത്തിരുന്ന് അദ്ദേഹത്തിനു കിട്ടിയ സമ്മാനമായ ഗവര്‍ണര്‍ പദവി നഷ്ടപെടുമെന്നല്ലാതെ സ്ഥാനാര്‍ഥിത്വം കൊണ്ട് പ്രത്യേകിച്ചു ഗുണങ്ങളില്ലെന്നു മന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ കുമ്മനം മറുപടി നല്‍കിയിരിക്കുന്നത്.