പോസ്റ്റ് പിന്‍വലിച്ചത് കൊണ്ടായില്ല, കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണം: വി മുരളീധരന്‍

കശ്മീരിനെ കുറിച്ചുള്ള വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് എംഎല്‍എയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിവാദമായ പോസ്റ്റ് പിന്‍വലിച്ചത് കൊണ്ടായില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം. നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇത് കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹമാണ്. വിഘടനവാദികളും രാജ്യദ്രോഹ ശക്തികളുമാണ് ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളത്.

ഒരു എംഎല്‍എ വിഘടനവാദികളുടെ നിലപാടിന് പിന്തുണ നല്‍കിയരിക്കുകയാണ്. അദ്ദേഹം ജനപ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു.