കെ ടി ജലീലിന്റെ പ്രസ്താവന മുസ്ലിം ലീഗിനെ താറടിക്കാൻ ഉദ്ദേശിച്ചുള്ളത്: കെപിഎ മജീദ്

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ഇന്നലെ മലപ്പുറത്ത് നടന്ന മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗവുമായി ബന്ധപ്പെട്ട് ചില ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകളാണ് എന്നും കെ ടി ജലീലിന്റെ പ്രസ്താവന മുസ്ലിം ലീഗിനെ താറടിക്കാനുള്ള ശ്രമമാണെന്നും കെപിഎ മജീദ് പറഞ്ഞു.

യോഗത്തിൽ വളരെ കാര്യഗൗരവത്തോടെയും തർക്കങ്ങളില്ലാതെയും ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് മാധ്യമ പ്രവർത്തകർക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഒറ്റപ്പെടുത്തി, പൊട്ടിത്തെറിച്ചു എന്നൊക്കെ ഈ യോഗത്തെക്കുറിച്ച് വാർത്തകൾ നൽകുന്നതിൽ അര ശതമാനം പോലും വാസ്തവമില്ല. താൻ യോഗത്തിൽ പൊട്ടിത്തെറിച്ചു എന്നൊക്കെ പറയുന്നത് പൂർണമായും സത്യവിരുദ്ധമാണ്. ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ, വളരെ ശാന്തമായാണ് ഇന്നലെ യോഗം അവസാനിപ്പിച്ചത് എന്നും കെപിഎ മജീദ് പറഞ്ഞു.

Read more

കള്ളവാർത്തകളും കുപ്രചാരണങ്ങളും നടത്തി മുസ്ലിംലീഗിനെ തകർക്കാമെന്ന് ആരും വിചാരിക്കേണ്ട. വലിയ പ്രതിസന്ധികൾ തരണം ചെയ്ത് ജനങ്ങളുടെ അംഗീകാരം നേടിയ പാർട്ടിയാണിത്. കൂടിയാലോചിച്ചും കൂട്ടുത്തരവാദിത്തത്തോടെയും പുതിയ കർമ്മ പദ്ധതികളുമായി പാർട്ടി മുന്നോട്ട് പോകും. അതിനിടയിൽ കുളം കലക്കാൻ വരുന്നവരെ തിരിച്ചറിയാനുള്ള വിവേകം പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കുമുണ്ട് എന്നും കെപിഎ മജീദ് പറഞ്ഞു.