കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച് കെഎസ്‌യു; ജാമ്യമെടുക്കാന്‍ പോലും സഹായിച്ചില്ലെന്ന് പരാതി

കെഎസ്‌യു സംസ്ഥാന ഭാരവാഹി യോഗത്തില്‍ കെപിസിസി നേതൃത്വത്തിനെതിരെ വിമര്‍ശനം. കെപിസിസി നേതൃത്വം വിദ്യാര്‍ത്ഥി സംഘടനയെ അവഗണിക്കുന്നതായാണ് ആരോപണം. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമെടുക്കാന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചില്ലെന്നാണ് പ്രധാന പരാതി.

ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും കെപിസിസി സഹായിച്ചില്ലെന്നും കെഎസ്‌യു നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. യൂത്ത് കോണ്‍ഗ്രസിന് ലഭിക്കുന്ന പരിഗണന കെഎസ്‌യുവിന് ലഭിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും തുടര്‍ന്നുള്ള നേതാക്കളുടെ ഇടപെടലും ചൂണ്ടിക്കാട്ടിയാണ് കെഎസ്‌യു വിമര്‍ശനം അറിയിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. ദീപ ദാസിന്റെ സാന്നിധ്യത്തിലായിരുന്നു കെപിസിസിയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നത്. പുനഃസംഘടന പൂര്‍ത്തിയാക്കാത്തതിലും കെഎസ്‌യു പരാതി ഉന്നയിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് വിടി ബല്‍റാം യോഗത്തില്‍ പങ്കെടുത്തിരുന്നു.