കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുതല്‍; വൈകിട്ട് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യത്തെ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റ്ണി രാജു അദ്ധ്യക്ഷനാകും. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കാണ് ആദ്യത്തെ സ്വഫ്റ്റ് സര്‍വീസ്. ബൈപാസുകളിലൂടെ ഓടുന്ന ദീര്‍ഘദൂര സര്‍വീസുകളും ഒപ്പം തുടങ്ങുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള നാല് സ്ലീപ്പര്‍ സര്‍വ്വീസുകളും, കോഴിക്കോട്, മാനന്തവാടി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളുമാണ് ഇന്നുള്ളത്.

ഫ്‌ലാഗ് ഓഫില്‍ മന്ത്രിമാരായ വി ഗോവിന്ദന്‍, വി ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ എന്നിവരും, ശശി തരൂര്‍ എംപിയും, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും പങ്കെടുക്കും.

12ാം തിയതി വൈകിട്ട് 5.30 ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള മടക്ക സര്‍വീസ് ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും. കേരളത്തിലേക്കുള്ള 12 13 തിയതികളിലെ യാത്രയ്ക്കായുള്ള ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ടിക്കറ്റ് തീര്‍ന്നു. 116 ബസാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ വിഹിതത്തില്‍ സ്വിഫ്റ്റ് വാങ്ങിയത്. വിഷു ഈസ്റ്റര്‍ കാലത്ത് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. സാധാരണ സര്‍വീസ് നടത്തുന്നതില്‍ അധികമായി 34 സൂപ്പര്‍ ക്ലാസ് ബസുകള്‍ അവധിക്കാലത്ത് കൂടുതല്‍ സര്‍വീസുകളും നടത്തും.

11 മുതല്‍ 18 വരെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ചെയ്യാം. പ്രധാന റൂട്ടുകളില്‍ അധികസര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ഹ്രസ്വ- ദീര്‍ഘദൂര സര്‍വീസുകള്‍ 12,13 തീയതികളിലും 17,18 തിയതികളിലും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആര്‍ടിസി) എന്ന mobile app വഴിയും ചെയ്യാം.