ആ പ്രചാരണം വ്യാജം, വരവുചെലവ് കണക്ക് പുറത്ത് വിട്ട് കെ.എസ്.ആര്‍.ടി.സി

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി മൂലം തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധം കനക്കുന്നതിനിടെ വരവും ചെലവും പുറത്ത് വിട്ട് കെഎസ്ആര്‍ടിസി. ചെലവാക്കുന്ന തുകയേക്കാള്‍ വരവ് ലഭിക്കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണെന്ന് വിശദീകരിക്കാനാണ് കെഎസ്ആര്‍ടിസി കണക്കുകള്‍ നിരത്തിയത്.

2021 നവംബറില്‍ 121 കോടിയായിരുന്ന വരുമാനം 2022 ഏപ്രിലില്‍് 167.71 കോടിയിലെത്തി. എന്നാല്‍ ഇതേ നവംബറില്‍ 66.44 കോടിയായിരുന്ന ഡീസല്‍ ചെലവ് ഏപ്രിലില്‍ 97.69 കോടിയായി ഉയര്‍ന്നു. ഇന്ധനത്തില്‍ മാത്രം ഇത്രയും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ജനുവരി മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയതോടെ ഡിസംബര്‍ മുതല്‍ 64 കോടിയായിരുന്നെങ്കില്‍ ജനുവരി മുതല്‍ 82 കോടിയായി ശമ്പള ചെലവ് ഉയര്‍ന്നു. പ്രതിമാസം 12 കോടിയുടെ വര്‍ധനവുണ്ടായി. പ്രതിമാസം രണ്ടിനത്തിലുമായി 50 കോടിയുടെ വര്‍ധന.

പ്രതിമാസ ചെലന് 162 കോടിയും വരവ് 164 കോടിയുമെന്ന പ്രചാരണം തെറ്റാണ്. മാര്‍ച്ചില്‍ ദീര്‍ഘദൂര ബസുകള്‍ക്കായി അടച്ച ഇന്‍ഷുറന്‍സ് പ്രീമിയം തുക 9.75 കോടിയാണ്. കണ്‍സോര്‍ഷ്യം ബാങ്കിന് സര്‍ക്കാര്‍ വിഹിതമായി ലഭ്യമായ 90 കോടിയും അടച്ചു. ജീവനക്കാരില്‍നിന്ന് പിടിച്ച പി.എഫ്, റിക്കവറി തുടങ്ങിയ ഇനങ്ങളില്‍ മാര്‍ച്ചില്‍ 5.57 കോടിയും അടച്ചു.