കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സിഐടിയുവിന് പിന്നാലെ ഐഎന്‍ടിയുസിയും സമരത്തിന്, മെയ് ആറിന് സൂചനാപണിമുടക്ക്

കെഎസ്ആര്‍ടിസിയിലെ ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സിഐടിയുവിന് പിന്നാലെ ഐഎന്‍ടിയുസിയും സമരം നടത്തും. മെയ് ആറിന് സൂചന പണിമുക്ക് നടത്തുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് അറിയിച്ചു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് പ്രതിഷേധം.

എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുക. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹവും ആരംഭിക്കും. ഈ മാസം 28ന് സിഐടിയുവും സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

വിഷുവിനും ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ദുരിതത്തിലാണ്. ധനവകുപ്പ് അനുവദിച്ച 30 കോടിരൂപ അക്കൗണ്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഭാഗികമായി പോലും ശമ്പള വിതരണം നടത്തിയില്ല. ഇതേ തുടര്‍ന്ന് ഇടതുയൂണിയനുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. വിഷുവിന് മുമ്പ് ശമ്പളം നല്‍കണമെന്നും ഇല്ലെങ്കില്‍ സമരം നടത്തുമെന്നും എഐടിയുസി നേരത്തെ അറിയിച്ചിരുന്നു.

വിഷുവിന് മുമ്പ് ശമ്പളം കിട്ടില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂണിയനുകള്‍ക്ക് പിന്നാലെ ഇടതുസംഘടനകളും സമരത്തിന് ഇറങ്ങുകയായിരുന്നു. സി.ഐ.ടി.യു റിലേ നിരാഹാരസമരം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജുപ്രഭാകര്‍ സ്ഥാനമൊഴിയണം, മാനേജ്മെന്റിനെ പിരിച്ചുവിടണം എന്നെല്ലാമാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. കെ.എസ്.ആര്‍.ടി.സിയെ ഈ ഗതിയിലെത്തിച്ചവരെ കൈയാമം വച്ച് നടത്തണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.