കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി; യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്‌

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചര്‍ച്ച ഇന്ന് നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. രാവിലെ 9:30നാണ് ചര്‍ച്ച. അംഗീകൃത യൂണിയന്‍ പ്രതിനിധികളേയും മാനേജ്‌മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.

ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലെ പ്രതിഷേധം യൂണിയനുകള്‍ അറിയിക്കും. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പ്രാമുഖ്യം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി രാജു പറഞ്ഞിരുന്നു.നിലവിലെ പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്മെന്റ് നിലപാട്.

എന്നാല്‍ ഇത് യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനം നല്‍കണമെന്നാണ് യൂണിയനുകള്‍ പറയുന്നത്. അതേസമയം ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് സാവകാശം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു.

ആഗസ്റ്റ് പത്തിന് മുമ്പ് ജൂലൈ മാസത്തെ ശമ്പളം നല്‍കണമെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി സി.എം.ഡിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും നേരത്തെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.