സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസിയെ ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി; അത് സര്‍ക്കാര്‍ നയമല്ല, ഗണേഷ് കുമാറിനെ പരസ്യമായി തിരുത്തി പിണറായി

കെഎസ്ആര്‍ടിസി ബസ് റൂട്ട് വിഷയത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ നിയമസഭയില്‍ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആർടിസിയുടെ റൂട്ടുകൾ സംബന്ധിച്ചുള്ള നയത്തിലാണ് മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചത്.  സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടുകളില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അങ്ങനെ സ്വകാര്യ ബല് ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ഒഴിവാക്കുന്നത്് സര്‍ക്കാര്‍ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനാരോഗ്യകരമായ മത്സരം വേണ്ടെന്ന് കൂടി പിണറായി വിജയന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ പ്രൈവറ്റ് ബസുകളോട് മത്സരിക്കാന്‍ ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. പ്രൈവറ്റ് ബസുകളോട് മത്സര ഓട്ടത്തിന് ഇല്ലെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. പ്രൈവറ്റ് ബസ്സുകളോട് മത്സരിക്കേണ്ടെന്ന് കെഎസ്ആര്‍ടിസിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

സ്വകാര്യ ബസ് സര്‍വീസ് ഒരു ബിസിനസ് ആണ്. അവരെ ബുദ്ധിമുട്ടിക്കാന്‍ ഇല്ലെന്നായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ നിലപാടി. സ്വകാര്യ ബസുകളുടെ റൂട്ട് ഒഴിവാക്കി ഒരു ബസും ഇല്ലാത്ത റൂട്ടിലേക്ക് ആ ബസുകള്‍ മാറ്റിയെന്നും അത് വരുമാനം വര്‍ദ്ധിപ്പിച്ചു എന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

കെഎസ്ആർസി നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം പറയാം എന്ന് പറഞ്ഞുകൊണ്ടാണ് ഗണേഷ് കുമാർ തുടങ്ങിയത്. ‘പ്രൈവറ്റ് ബസിന്റെ മുന്നിൽ കയറി ഓടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു കെഎസ്ആർടിസിക്ക്. പ്രൈവറ്റ് ബസുകൾ പുതിയ ബസുകളായിരിക്കും. അവർ മത്സരിച്ച് ഓടാൻ തയ്യാറാണ്. നമ്മുടെ ഡ്രൈവർമാർ അതിന് തയ്യാറല്ല. ഞാൻ മന്ത്രിയായി വന്നപ്പോൾ ആദ്യം തന്നെ ഒരു പോളിസിയുണ്ടാക്കി. പ്രൈവറ്റ് ബസിന്റെ തലയ്ക്കൽ ഓടുന്ന പരിപാടി നിർത്താം. അവരുടേത് ഒരു ബിസിനസ്സാണ്. അവർ നികുതി അടയ്ക്കുന്നവരാണ്. അവർ അത് നടത്തട്ടെ. നമുക്ക് എക്‌സ്‌ക്ലൂസീവ് ആയിട്ടുള്ള മലയോര മേഖലകളിലടക്കം സർവീസ് നടത്തിയപ്പോൾ അവിടെ കളക്ഷൻ വർധിച്ചു. അനാവശ്യമായ അനാരോഗ്യകരമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷൻ വർധിച്ചതിന്റെ രഹസ്യം. അവരും ബസോടിക്കുന്നു പൈസയുണ്ടാക്കുന്നു. ടാക്‌സടയ്ക്കുന്നു. നമ്മളൊരു സൈഡിലൂടെ മുന്നേറുന്നു. പ്രൈവറ്റ് ബസുകളോ കെഎസ്ആർടിസിയോ പോകാത്ത റൂട്ടുകളിലേക്ക് നമ്മൾ മാറി’

ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ ഗതാഗത മന്ത്രി നിലപാട് തിരുത്തി. ബസുകള്‍ പിന്‍വലിക്കില്ലെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും മത്സര ഓട്ടത്തിന് ഇല്ലെന്ന് മാത്രമാണ് നിലപാടെന്നും കെ ബി ഗണേഷ് കുമാര്‍ തിരുത്തി.