'വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല, അവർക്ക് ഏത് സമയത്തും അന്വേഷിക്കാം'; തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞ വാദങ്ങളാണ് ശരിയെന്നും ജി. സുധാകരന്‍ പറഞ്ഞു.

“കെ.എസ്.എഫ്.ഇ. റെയ്ഡില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. എന്റെ വകുപ്പിലും റെയ്ഡ് നടന്നു. ഞാനൊന്നും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കില്ല. വിജിലന്‍സിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകള്‍ വിജിലന്‍സ് തന്നെ അന്വേഷിക്കണം” സുധാകരന്‍ പറഞ്ഞു.

ചിലരുടെ വട്ടാണ് റെയ്ഡിന് പിന്നിലെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് ഇന്നലെ പറഞ്ഞത്. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും ഈ റെയ്ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് ഈ റെയ്ഡ് എന്നായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ വാദം. ഇതിനെയെല്ലാം അപ്പാടെ തള്ളുന്നതാണ് ജി. സുധാകരന്‍റെ വാക്കുകള്‍.

സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയില്‍ നടന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിക്കും. കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ട് പറന്നാല്‍ വിജിലന്‍സിനെ പിരിച്ചു വിടണമെന്നാണോ പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു.

“ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലന്‍സ് കയറിയത്. ഞാന്‍ പത്രത്തിലൂടെയാണ് അറിയുന്നത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയില്‍ വിജിലന്‍സ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ” സുധാകരന്‍ പറഞ്ഞു.

Read more

എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും പൂര്‍ണമായും ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.