കെ.എസ്.ഇ.ബി ഭൂമി പാട്ടത്തിന് നല്‍കിയത് നിയമവിരുദ്ധം; കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി

പൊന്‍മുടി ഡാമിന് സമീപത്തെ കെഎസ്ഇബി കൈവശഭൂമി രാജാക്കാട് ബാങ്കിന് പാട്ടത്തിന് നല്‍കിയത് നിയമവിരുദ്ധമായിട്ടെന്ന്  റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രി എംഎം മണിയുടെ മരുമകന്‍ പ്രസിഡന്റായ ബാങ്കിന് കൈമാറിയത് സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമിയാണ്.

ഡാമിന് സമീപത്തെ 21 ഏക്കര്‍ ഭൂമിയാണ് കെഎസ്ഇബി രാജാക്കാട് സഹകരണ ബാങ്കിന് ക്രമവിരുദ്ധമായി പാട്ടത്തിന് നല്‍കിയത്. ഇത് നിമയവിധേയമല്ലെന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. കൈമാറിയ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

എന്നാല്‍, നേരത്തെ ഇതു സംബന്ധിച്ച ചോദ്യം വൈദ്യുതി മന്ത്രി എംഎം മണിയോട് ഉന്നയിച്ചപ്പോള്‍ ഭൂമി പാട്ടത്തിന് നല്‍കിയിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ഭൂമി കൈമാറ്റത്തിന് റവന്യു വകുപ്പിന്റെ അനുമതി നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചോദ്യം ബാധകമല്ലെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു.