അനധികൃതമായി തോക്ക് കൈവശം വെച്ച സംഭവം, കെ.എസ്.ബി.എ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും

കോയമ്പത്തൂരില്‍ തോക്കുമായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെഎസ്ബിഎ തങ്ങളുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കുക. ഇന്നലെ കോടതി 14 ദിവസത്തേക്ക് തങ്ങളെ റിമാന്‍ഡ് ചെയ്തിരുന്നു. പൊള്ളാച്ചി സബ് ജയിലിലേക്കാണ് കെഎസ്ബിഎ തങ്ങളെ മാറ്റിയത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തോക്കും ഏഴ് ബുള്ളറ്റും തങ്ങളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിട്ടാണ് തങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്താണ് തോക്ക് കണ്ടെടുത്തത്.

തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് രേഖകള്‍ ഒന്നും തന്നെ കൈയില്‍ ഉണ്ടായിരുന്നില്ല. ഇതോടെ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് സുരക്ഷാ ഉദ്യേഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പീളെമേട് പൊലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

എന്നാല്‍ ഇത് പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും ആയിരുന്നു കെഎസ്ബിഎ തങ്ങളുടെ വാദം. എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് പറഞ്ഞത്. ബാഗ് മാറി എടുത്തതാണെന്ന് തങ്ങള്‍ പറഞ്ഞു. തോക്കിന്റെ പഴക്കം, ഉപയോഗയോഗ്യമാണോ എന്നത് അടക്കം അറിയാന്‍ ഫോറന്‍സിക് പരിശോധിക്കാനായി അയച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.