എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി പിടിയില്‍

ട്രെയ്ന്‍ തീവെപ്പ് കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് പ്രതി കേരളാ പൊലീസിന്റെ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇയാൾക്ക് ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്നാണ് ലഭിക്കുന്ന വ ിവരം. കോഴിക്കോട് നിന്നും ഡല്‍ഹിയിലും യുപിയിലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം അന്വേഷണത്തിനായി പോയിരുന്നു.

അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.

തീപ്പൊളളലേറ്റ ഏഴ് പേര്‍ കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലായി ചികില്‍സയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ എലത്തൂരില്‍ വച്ച് അക്രമി ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Read more

ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തീ കണ്ട് രക്ഷപെടാനായി ചാടിയ അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നുപേരുടെ മൃതദേഹങ്ങള്‍ ട്രാക്കില്‍നിന്ന് കണ്ടെടുത്തു. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനെ തുടര്‍ന്നാണ് മരണമെന്നാണ് സംശയം. 3 സ്ത്രീകള്‍ ഉള്‍പ്പെടെ 9 യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.